കൊച്ചിയും കൊച്ചീരൂപതയും കുറേ ചരിത്ര വിശേഷങ്ങളും (MEDB001)
കൊച്ചിയും കൊച്ചീരൂപതയും കുറേ ചരിത്ര വിശേഷങ്ങളും
(By Edward Edezhath - Published in ജീവനാദം on Dec 5, 2025)
https://jeevanadam.com/2025/12/05/kochi-and-the-diocese-of-kochi-and-some-historical-details-article-dr-edward-etezhath/
കൊച്ചി രൂപതയ്ക്കും അതിന്റെ പോർച്ചുഗീസ് ചരിത്രം ഇന്നും നന്മയുടെ ഓർമ്മകളാണ്. ആദ്യ തദ്ദേശീയ മെത്രാൻ എടേഴത്ത് പിതാവിന്റെ മെത്രാഭിഷേക കർമ്മത്തിന് വേദിയായത് ഗോവയിലെ ബോംജെസു ബസിലിക്കയായിരുന്നു. അതിന് നേതൃത്വം നൽകിയത് പോർച്ചുഗലിലെ ലിസ്ബൺ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ സെറിജറയും. തുടർന്ന് 1975 ൽ ഇടയ ദൗത്യം ഏറ്റ ബിഷപ്പ് ജോസഫ് കുരിത്തറ രൂപതയ്ക്ക് പോർച്ചുകളുമായുള്ള ബന്ധം വളർത്താൻ ഉതകുന്ന വിവിധ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുകയും സാംസ്കാരിക പഠന സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു. ഈ ചരിത്ര പശ്ചാത്തലം ഒരിക്കൽ കൂടെ സജീവമാകും വിധം ഇപ്പോൾ രൂപത നേതൃത്വം കയ്യാളുന്ന ആന്റണി കട്ടിപ്പറമ്പിൽ പിതാവിന്റെ അഭിഷേക കർമ്മത്തിന് നേതൃത്വം നൽകുന്നത് ഗോവ അതിരൂപതാദ്ധ്യക്ഷൻ കിഴക്കിന്റെ പാത്രിയാർക്കീസ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫറാവോ ആണ്. പഴമയുടെ നല്ലൊരു തുടർച്ച.
കൊച്ചി രൂപതയുടെ 36 മത്തെ മെത്രാനായി ബിഷപ്പ് ആൻറണി കാട്ടിപ്പറമ്പിൽ സ്ഥാനമേൽക്കുന്നു ഈ അവസരത്തിൽ രൂപതയുടെ ചരിത്ര-സാംസ്കാരിക പശ്ചാത്തലത്തിലേക്ക് ഒരെത്തിനോട്ടം ഉചിതമാണല്ലോ.
2007 ൽ കൊച്ചീ രൂപതയുടെ 450 ആം വാർഷികാഘോഷങ്ങൾക്കിടെ തുടക്കം കുറിച്ച ഒരു പ്രധാന സ്ഥാപനമായിരുന്നു വാസ്കോഡഗാമ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. അതിന്റെ പ്രധാന ശില്പിയായിരുന്ന ഡോ. ജോൺ ഓച്ചൻതുരുത്ത് ആവർത്തിക്കുമായിരുന്ന ഒരു കാര്യമുണ്ട്, പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലീഷ് സംസ്കാരങ്ങൾ ഇന്ത്യൻ ജീവിതവുമായി ഇടകലർത്താൻ ഒരു സുവർണ വാതായനമായത് കൊച്ചിയാണ്. അതുമായി ബന്ധപ്പെട്ട സുപ്രധാന ഓർമ്മകളുടെയും ശേഷിപ്പുകളുടേയും സൂക്ഷിപ്പുകാരൻ കൊച്ചീ രൂപതയും. 1506 ൽ പണിതീർത്ത മെത്രാസന മന്ദിരവും, അവിടെയുള്ള പോർട്ടുഗീസ് ചരിത്ര മ്യൂസിയവും ചരിത്ര രേഖാശേഖരവും, ആ വളപ്പിൽ ഇന്നും കാണുന്ന പോർച്ചുഗീസ് കോട്ടയുടെ അവശിഷ്ടങ്ങളും എല്ലാം ഈ അനന്യ ചരിത്ര ദൗത്യത്തിന്റെ സൂചന മാത്രം.
കേരള സംസ്കാരത്തനിമയുടെ വേരുകൾ തേടാൻ കൊച്ചിയെ അടുത്തു മനസ്സിലാക്കണം. ഇന്നാട്ടിലെ കത്തോലിക്കാ സഭയെ മാത്രമല്ല ക്രൈസ്തവ പാരമ്പര്യങ്ങളെയെല്ലാം കൃത്യമായി വീക്ഷിക്കാൻ കൊച്ചിയുടെ ചരിത്ര സാംസ്കാരിക പശ്ചാത്തലം അറിയുക ഏറെ പ്രധാനമാണ്.കോട്ട-കൊച്ചിയെക്കുറിച്ച്
നൂറ്റാണ്ടുകളായി ലോകം കൗതുകപൂർവ്വം നോക്കിക്കാണുന്ന ഒരു ചെറു ഭൂപ്രദേശമാണ് ഫോർട്ട്കൊച്ചി. 1410 ൽ ഇവിടം സന്ദർശിച്ച ഇറ്റാലിയൻ ദേശാടകൻ നിക്കോളോ ദേ കോന്തിയുടെ വാക്കുകളിൽ, “സമ്പത്ത് ഉണ്ടാക്കണമെങ്കിൽ ചൈനയിൽ പോകണം അത് ചെലവഴിക്കണമെങ്കിലോ കൊച്ചിയിലും” അന്നും ഇന്നും കൊച്ചിക്ക് തനതായ ഒരു മാസ്മരീകത ഉണ്ട്. അത് അനുഭവിക്കണമെങ്കിൽ ഫോർട്ട് കൊച്ചിയുടെ ഇടവഴികളിലൂടെ ചുമ്മാ ഒന്ന് നടന്നാൽ മതി. ചീനവലയും പാതയോരത്തുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള കൂറ്റൻ മരങ്ങളും, പോർച്ചുഗീസ്-ഡച്ച് കാലഘട്ടത്തിലെ ശേഷിപ്പുകളായ ബംഗ്ലാവുകളും കോട്ടയുടെ അവശിഷ്ടങ്ങളും ഏറെ കഥകൾ പറയുന്ന പള്ളികളും ചരിത്രമുറങ്ങുന്ന സ്തൂപങ്ങളും വാതിൽ പടികളും, പിന്നെ അതെല്ലാം കടലിന്റെയും കായലിന്റെയും സാമീപ്യത്തിലും പശ്ചാത്തലത്തിലും ഒക്കെ ആകുമ്പോൾ അതുണർത്തുന്ന ഒരനുഭൂതി ഒന്ന് വേറെ തന്നെയാണ്. കൊച്ചി ബിനാലെ എന്ന ആഗോള കലാ മാമാങ്കത്തിന്റെ ആറാം പതിപ്പ് അടുത്ത മാസം ആരംഭിക്കുമ്പോൾ ഒരിക്കൽകൂടെ ഇപ്രദേശം ചരിത്ര സാംസ്കാരിക വിശകലനങ്ങളുടെ ലോക ശ്രദ്ധാ കേന്ദ്രമാകുന്നു. എന്താണ് കൊച്ചിയെ ഇത്രയേറെ ആകർഷകമാക്കുന്നത്? ഈ പ്രദേശം വിവിധ സംസ്കാരങ്ങളുടെ സമ്മിശ്രണ വേദിയായിതീർന്നു എന്നതു തന്നെ.
കൊച്ചി രൂപതാ ആസ്ഥാനം ഈ ചരിത്ര സാംസ്കാരിക ശേഷിപ്പുകളുടെ കേന്ദ്ര സ്ഥാനത്താണ് എന്നതു മാത്രമല്ല ഇതിലെ പ്രധാന കാര്യം. ഇതിലെല്ലാം ഈ വിശ്വാസ സമൂഹം ഒളിഞ്ഞും തെളിഞ്ഞും ഈ ചരിത്ര ഗതിവിഗതികൾ രൂപപ്പെടുത്തുന്നതിൽ മർമ്മ സ്ഥാനം അലങ്കരിച്ചു എന്നത് വലിയൊരു സത്യമാണ്..
പോർച്ചുഗീസ് പാരമ്പര്യം
ഇപ്പോൾ സ്ഥാനാരോഹണം ചെയുന്ന ആന്റണി കാട്ടിപ്പറമ്പിൽ പിതാവ് ഈ രൂപതയുടെ 36 മത്തെ അദ്ധ്യക്ഷ്ണാണെങ്കിലും തദ്ദേശീയ മെത്രാന്മാരിൽ അദ്ദേഹം അഞ്ചാമൻ മാത്രമാണ്. അതിനുമുമ്പ് രൂപതയെ നയിച്ച ആദ്യ 31 മെത്രാന്മാരും വിദേശികൾ പ്രത്യേകിച്ച് പോർച്ചുഗീസ് മെത്രാന്മാരായിരുന്നു. അതിനാൽ തന്നെ പോർച്ചുഗീസ് നാടും സംസ്കാരവും സഭയും ഒക്കെയായി കൊച്ചിയും ഈ രൂപതയും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.
കൊച്ചിയിൽ പോർച്ചുഗീസുകാരുടെ വരവ് 1500 ലാണ്. അഡ്മിറൽ കബറാളിന്റെ നേതൃത്വത്തിൽ ആ വർഷം പോർച്ചുഗീസ് കപ്പലുകൾ കൊച്ചിയിൽ എത്തി. രണ്ടുവർഷം മുൻപ് വാസ്കോഡ ഗാമയുടെ നേതൃത്വത്തിൽ കോഴിക്കോട് പ്രദേശത്ത് എത്തിയ സംഘത്തിന് ലഭിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമായ സ്വീകരണമാണ് കൊച്ചിയിൽ അവർക്ക് ലഭിച്ചത്. കൊച്ചി രാജാവ് താൽപര്യപൂർവ്വം അവരെ സ്വീകരിച്ചു. കോട്ട പണിയാനും ദേവാലയം നിർമ്മിക്കാനും ഒരു സഭാ സമൂഹം വളർത്താനും എല്ലാം വേണ്ട പിന്തുണ നൽകി.
എന്തായിരുന്നു അവരുടെ ആഗമനോദ്ദേശം? ആദ്യമായി തന്നെ കച്ചവടം, പ്രത്യേകിച്ച് സുഗന്ധ വ്യഞ്ജനങ്ങളുടെ വ്യാപാരം. പിന്നെ ക്രിസ്തീയ വിശ്വാസ പ്രചാരണം. കൊച്ചിയിൽ എത്തിയ സംഘത്തിൽ അതിനായി ഒരു കൂട്ടം ഫ്രാൻസിസ്കൻ മിഷനറിമാരും ഉണ്ടായിരുന്നു.
താമസിയാതെ ഭാരതത്തിലെ തന്നെ പാശ്ചാത്യ ശൈലിയിലെ ആദ്യ ദേവാലയങ്ങൾ കൊച്ചിയിൽ സ്ഥാപിതമായി. 1503 ൽ വി. ബാർത്താലോമിയോയുടെ നാമത്തിൽ ആദ്യത്തെ പള്ളി. ആദ്യ ദേവാലയത്തിന്റെ സ്ഥാനത്ത് പിന്നീട് വി. ഫ്രാൻസിസിന്റെ നാമത്തിൽ ഉറപ്പുള്ള പള്ളി ഉയർന്നു. വാസ്കോഡ ഗാമയെ അടക്കിയ ആ ദേവാലയം ഇന്ന് സി എസ് ഐ സഭയുടെ കയ്യിലാണ്. 1506 ൽ പിന്നീട് കൊച്ചി മെത്രാന്റെ ആസ്ഥാന ദേവാലയമായ സാന്താക്രൂസ്, ഇപ്പോഴത്തെ ബസിലിക്ക സ്ഥാപിതമായി.
കൊച്ചിയായിരുന്നു യൂറോപ്യൻ രീതിയിൽ രൂപ കൽപ്പന ചെയ്ത ഈ നാട്ടിലെ ആദ്യ പട്ടണം. ഇന്ത്യയിലെ തന്നെ ആദ്യ പൊതു വിദ്യാലയം 1511 ൽ കൊച്ചിയിൽ ആരംഭിച്ചു. ആശാൻ കളരികളും ക്ഷേത്രസംബന്ധിയായ സംസ്കൃത പഠനശാലകളും ഒക്കെയായിരുന്നു അതിന് മുൻപ് നമ്മുടെ നാട്ടിൽ പതിവ്. ആദ്യ ഗ്രന്ഥശാലയും ഇവിടെ തന്നെ സ്ഥാപിതമായി.
പോർചുഗീസ് വിശ്വാസ പ്രചാരണ പ്രവർത്തനങ്ങൾക്ക് പിൻബലമേകുന്നതായിരുന്നു അന്നത്തെ സഭയിലെ ‘പദ്രുവാദോ’ സംവിധാനം. അതായത് പോർട്ടുഗീസ് രാജാവിന്റെ രക്ഷാധികാരം ഈ പ്രദേശങ്ങളിലെ സഭാ പ്രവർത്തനങ്ങളിൽ സ്വീകരിക്കുക എന്ന നയം.
ഇതിനിടെ പോർട്ടുഗീസുകാരുടെ പ്രവർത്തന മേഖല മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചു. സാവധാനം അവരുടെ ആസ്ഥാനം കൊച്ചിയിൽ നിന്ന് ഗോവയിലേയ്ക്ക് മാറി. അതോടൊപ്പം ക്രൈസ്തവ സഭാ പ്രവർത്തനങ്ങളുടെ കേന്ദ്രവും അതായി. 1534 ൽ ഗോവ ഭാരതത്തിലെ ആദ്യ പദ്രുവാദോ രൂപതയായി. പിന്നീട് 1542 ൽ വി. ഫ്രാൻസിസ് സേവ്യർ കൊച്ചിയിൽ വന്നത് ഗോവയിൽ നിന്നുമാണ്. അദ്ദേഹം കുറെ ദിവസം കൊച്ചിയിൽ താമസിച്ച് സുവിശേഷം പ്രചാരണം നിർവ്വഹിക്കുകയും ചെയ്തു.
കൊച്ചീ രൂപതാ സ്ഥാപനം
രൂപതാ സ്ഥാപനത്തിൽ അടുത്തത് കൊച്ചിയുടെ ഊഴമായി. 1557 ൽ ഗോവ അതിരൂപതയായി. അതിനു കീഴിൽ കൊച്ചി ഇന്ത്യയിലെ രണ്ടാമത്തെ പദ്രുവാദോ രൂപതയായി. ഏറെ വിശാലമായിരുന്നു അന്നത്തെ കൊച്ചി രൂപതയുടെ ഭരണ സീമ. ഇന്നത്തെ കേരളം മുഴുവനും ഭാരതത്തിന്റെ കിഴക്കുഭാഗം മുഴുവനും, പിന്നെ ശ്രീലങ്കയും, ബർമ്മയും ഒക്കെ ഉൾക്കൊള്ളുന്ന വലിയൊരു രൂപത. ഇന്നും പഴയ പല രൂപതകളുടെയും തുടക്കം കാത്തലിക്ക്-ഹയറാർക്കി, വിക്കിപീഡിയ തുടങ്ങിയ വെബ്-സൈറ്റുകളിൽ നോക്കുമ്പോൾ അവയുടെ മുൻ രൂപതായായി കൊച്ചിയെ കാണാം. വി. ദേവസഹായം പിള്ളയുടെ നാമകരണം വേളയിലും കൊച്ചി രൂപതയെ പരാമർശിച്ചത് ഓർക്കുമല്ലോ.
1557 ഫെബ്രുവരി 4 ന് കൊച്ചി രൂപത സ്ഥാപിതമാകുകയും ബിഷപ്പ് ജോർജ് തെമുദോ അദ്യ മെത്രാനായി സ്ഥാനമേൽക്കുകയും ചെയ്തു. സാന്താക്രൂസ് ദേവാലയമായിരുന്നു കത്തീഡ്രൽ.
തുടർന്നുള്ള പതിറ്റാണ്ടുകൾ സംഭവബഹുലമായിരുന്നു. പോർച്ചിഗീസുകാരുടെ വരവിനു മുൻപുതന്നെ ഈ ദേശത്ത് പ്രബലമായിരുന്ന തോമാ ക്രിസ്ത്യാനികൾക്കായി പ്രത്യേക സഭാ ഭരണ സംവിധാനം നിലവിൽ വരുന്നു. 1599 ൽ ഗോവ അതിരൂപതാദ്ധ്യക്ഷൻ മെനെസിസ് മെത്രാന്റെ നേതൃത്വത്തിൽ ഉദയംപേരൂർ സൂനഹദോസ് നടന്നു.
സൂനഹദോസ് പ്രശ്നങ്ങളെല്ലാം പരിഹരിച്ചില്ല. ഇതിന് ശേഷവും മദ്ധ്യേഷ്യയിലെ സഭാ സവിധാനങ്ങളോട് ബന്ധം നിലനിർത്തി നിലവിൽ ഉണ്ടായിരുന്ന രീതികൾ പലതും തുടരാൻ ആഗ്രഹിക്കുന്നവരും പോർട്ടുഗീസ് നേതൃത്വത്തിൽ പാപ്പയോട് കൂറുപുലർത്തി മുന്നേറാൻ ആഗ്രഹിക്കുന്നവരും തമ്മിലുള്ള അകൽച്ച വർദ്ധിച്ചു. ഇത് ഒരു വഴിത്തിരിവിൽ എത്തുന്നത് 1653 ലാണ്. കൊച്ചിയിലെ തന്നെ മട്ടാഞ്ചേരിയിൽ 400 ഓളം വരുന്ന തോമാ ക്രിസ്ത്യാനികൾ കുരിശ് തൊട്ട് സത്യം ചെയ്ത് വേർപെട്ട് മറ്റൊരു സഭയായി മാറി. അങ്ങനെ പല ക്രൈസ്തവ സഭകളുടെയും തുടക്കത്തിന് സാക്ഷ്യമായ കൊച്ചിയിലെ ആ ‘കൂനൻ കുരിശ്’ ഇന്ന് ഒരു പ്രധാന തീർത്ഥാടന കേന്ദ്രവും ഒപ്പം ചരിത്രകുതുകികൾക്ക് സുപ്രധാന ചരിത്ര സ്മാരകവുമാണ്.
മാറ്റങ്ങളുടെ വലിയ കാറ്റ്
ലന്തക്കാർ എന്ന് കൊച്ചിക്കാർ വിളിക്കുന്ന ഡച്ചുകാർ 1663 ൽ പോർച്ചുഗീസുകാരെ തോൽപ്പിച്ച് കൊച്ചി കീഴടക്കി. പള്ളികളും, സാംസ്കാരിക വിദ്യാഭ്യാസ സംവിധാനങ്ങളും അടക്കം മുൻ നൂറ്റാണ്ടിൽ ഈ പ്രദേശത്ത് പണിതുയർത്തിയതെല്ലാം അവർ നശിപ്പിച്ചു. കത്തോലിക്കാ സഭാ സംവിധാനങ്ങൾക്കും ഇത് വലിയ ക്ഷതമേൽപ്പിച്ചു. കാലം കടന്നുപോകുന്നതിനിടെ പോർച്ചുഗീസ് ശക്തിയും പദ്രോവാദോ സംവിധാനങ്ങളും ക്ഷയിക്കുകയും സുവിശേഷവൽക്കരണത്തിനായുള്ള ആഗോള സഭയുടെ സംവിധാനമായ വിശ്വാസ തിരുസംഘം അഥവാ ‘പ്രൊപ്പഗാന്ത’ പ്രവർത്തനക്ഷമമാകുകായും ചെയ്തു.
ഈപറഞ്ഞ സംഭവ വികാസങ്ങൾ കത്തോലിക്കാ സഭയിലെ തന്നെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വലിയ സംഘർഷത്തിലേയ്ക്ക് നയിച്ചു. 1830 കളിൽ പദ്രോവാദോ – പ്രോപ്പഗാന്താ ഏറ്റുമുട്ടലുകൾ ഏറെ കലുഷിതമായി. കൊച്ചി പ്രദേശത്തെ അത് സാരമായി ബാധിച്ചു. ഔപചാരികമായി സഭ പദ്രോവാദോ സംവിധാനങ്ങൾ നിർത്തലാക്കി. ഇടവകകൾ പ്രോപ്പഗാന്ത ഭരണത്തിന് കീഴിൽ ആക്കിഎങ്കിലും താഴേത്തട്ടിൽ ശക്തമായ സംഘർഷം തുടർന്നു. കൊച്ചി രൂപതയിൽ ചിലയിടങ്ങളിൽ ഇന്നും ഈ സംഘർഷത്തിന്റെ ശേഷിപ്പായി അടുത്തടുത്തുള്ള രണ്ട് പള്ളികൾ കാണാം. ഏതായാലും 1886 ഓടെ അനുരഞ്ജന വഴികൾ തുറക്കുകയും പദ്രോവാദോയുടെ കീഴിലുള്ള സഭാ സംവിധാനങ്ങൾ വീണ്ടും പ്രവർത്തന ക്ഷമമാകുകയും ചെയ്തു. കൊച്ചിയിലെ വിശ്വാസ സമൂഹത്തെ ഈ സംഭവ വികാസങ്ങൾ സാരമായി ക്ഷതമേൽപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ.
ഈ കലുഷിത കാലങ്ങൾക്ക് ശേഷം അഞ്ച് പോർച്ചുഗീസ് മെത്രാന്മാർ കൂടെ കൊച്ചീ രൂപയെ നയിച്ചു. അതിനുള്ളിൽ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ വലിയ മാറ്റങ്ങൾ വന്നു. മിക്ക ഇടങ്ങളിലും തദ്ദേശ വൈദിക നേതൃത്വതിനായി ആവശ്യമുയർന്നു. കോളനി വാഴ്ചയിൽനിന്ന് രാജ്യം സ്വാതന്ത്ര്യം നേടി. ഇതെല്ലാം കൊച്ചിയെയും സ്വാധീനിച്ചു. 1950 ഓടെ കൊച്ചിയിലെ പദ്രോവാദോ സംവിധാനത്തിന് വിരാമമായി. 1952 ൽ ആദ്യ തദ്ദേശീയ മെത്രാൻ ഡോ. അലക്സാണ്ടർ എടേഴത്ത് നിയമിതനായി.
ഓർമ്മകൾ ഫലമണിയട്ടെ
ചരിത്രത്തിലെ ഏറ്റക്കുറച്ചിലുകളും സംസ്കാരങ്ങളുടെ കടന്നുകയറ്റവും എല്ലാം കൊച്ചിക്ക് ഒരു ഭാരമല്ല മറിച്ച് അതിന്റെ ആകർഷകമായ വൈവിധ്യത്തിന് മാറ്റുകൂട്ടാണ്. ഉദാഹരണത്തിന്, അടിമത്തത്തിന്റെ ഓർമ്മ പല സംസ്കാരങ്ങൾക്കും തീരാ മുറിവായി തുടരുമ്പോൾ കൊച്ചിയിൽ അടിമത്തത്തിന്റെ ഓർമ്മയായ കാപ്പിരി തന്റെ ഉടയവന്റെ നിധി ഇന്നും കാക്കുന്ന വിശ്വസ്തമായ സ്നേഹബന്ധത്തിന്റെ ഓർമ്മയായി മനുഷ്യ മനസ്സിൽ തുടരുന്നു.
കൊച്ചിരൂപതയുടെ പുതിയ ഇടയന് എല്ലാ പ്രാർഥനാശംസകളും. ഓർമ്മകളുടെ സമൃദ്ധമായ വേരുകളിൽ നിന്ന് പുത്തൻ ഊർജ്ജം സ്വീകരിച്ച് ഫലനിറവിന്റെ നല്ല നാളകളിലേയ്ക്ക് മുന്നേറാനുള്ള ദൈവാത്മ നിറവ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.
Comments
Post a Comment