എളിമയില്‍ കാൽകഴുകുന്ന സ്നേഹം (MEDB005)
എളിമയില്‍ കാൽകഴുകുന്ന സ്നേഹം
(By Dr. Edward Edezhath in 'Amalolbhava' magazine in 2019)
ഇവിടെ ചിന്തകള്‍ കുറിക്കുന്നതിന്റെ ഭാഗമായി ഞാന്‍ പഠിപ്പിക്കുന്ന സീനിയര്‍ ക്ലാസിൽ ഞാന്‍ ചോദിച്ചു, എളിമയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ?
എളിമ പെണ്‍കുട്ടികളുടെ രൂപീകരണത്തിന്റെ ഭാഗം മാത്രമല്ലേ? വീടുകളില്‍ സാധാരണ കേള്‍ക്കുന്ന ഒരു പരാമര്‍ശമുണ്ടല്ലോ, നീ എല്ലാ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകേണ്ടവളാണ്. പെണ്‍കുട്ടിക്ക് എളിമ ഒഴിച്ചുകൂടാത്തതാണ്. അവൾ വിവാഹിതയായി ഭര്‍ത്താവിന്റെ വീട്ടില്‍ പോകണ്ടേ, അതുമായി അനുരഞ്ജനപ്പെടണ്ടേ. തീര്‍ച്ചയായും എളിമ പെണ്‍കുട്ടികളക്കുള്ളതല്ലേ.
അപ്പോള്‍, ആണ്കുട്ടികള്‍ക്കോ? എന്റെ ക്ലാസില്‍ കൂടുതൽ പെണ്‍കുട്ടികളാണ്. അവരുടെ ചോദ്യം ആണ്കുട്ടികള്‍ക്ക് എന്തിനാണ് എളിമ? അവര്‍ക്ക് അതിന് നേരേ എതിരല്ലേ വേണ്ടത്. അധികാരം കാണിക്കാനും അഹങ്കാരത്തോടെ പെരുമാറാനുമല്ലേ ആണ്കുട്ടികൾ പരിശീലിപ്പിക്കപ്പെടുന്നത്.അപ്പോള്‍ പെണ്‍കുട്ടികൾക്ക് അഹന്ത ഇല്ലെന്നാണോ? അവരെല്ലാവരും എളിമയുള്ളവരാണോ? അങ്ങനെയല്ല. എളിമ ഒരു കുറവും അധികാര ഭാവം മുകളിലും ആണന്നു ചിന്തിച്ച് ആണ്കുട്ടികളുടെ ഭാവത്തിലേയ്ക്ക് അവര്‍ വരുന്നതല്ലേ പെണ്ണിന്റെ അധികാരഭാവം.
രസകരമായ ഒരു ചര്‍ച്ചയായിരുന്നു അത്. അതിലെ ഒരു പ്രധാന ചിന്ത, ദൗർബല്യത്തിന്റെ ഭാവം മാത്രമല്ലേ എളിമ. ഒരുവിധത്തില്‍ ഒരു കീഴാളന്റെ ഭാവം.
ഒന്നും ഇല്ലാത്തവന്റെ മുഖം
ഒറ്റനോട്ടത്തില്‍ എളിമ അതു മാത്രമല്ലേ? എനിക്ക് ഒന്നുമില്ല എന്ന് അറിയുന്നവന്‍ അവന്റെ യഥാര്‍ത്ഥ അവസ്ഥ പ്രകടമാക്കുന്നതല്ലേ സാധാരണഗതിയില്‍ എളിമ. സമൂഹത്തില്‍ ഒറ്റനോട്ടത്തില്‍ തന്നെ ഉള്ളവനേയും ഇല്ലാത്തവനേയും തിരിച്ചറിയാം. നമ്മുടെ മനസിലെല്ലാം ഒരു പൊതു ആപ്പീസിലേയ്ക്കുള്ള കടന്നു ചെല്ലലാണ് തെളിഞ്ഞു വരുക. അല്ലെങ്കില്‍ പള്ളിയിലെ അച്ചനേയോ, സ്കൂളിലെ സിസ്റ്ററിനേയോ ഒക്കെ കാണാനുള്ള പോക്ക്. ഗേറ്റിലെ വാച്ച്മാനും, ഒഫീസിനു മുന്‍പിലെ പ്യൂണും പിന്നെ കസേരയിലിരിക്കുന്ന അധികാരിയുമെല്ലാം ഒറ്റനോട്ടത്തിൽ നമ്മെ ഒന്ന് അളന്നു നോക്കും. എന്നിട്ടാണ് നല്‍കേണ്ട എല്ലാ പ്രതികരണവും തീരുമാനിക്കുക.
ഉള്ളവന്‍ ഭാവത്തിലും ഉടുപ്പിലും നടപ്പിലും കടന്നുവരുന്ന രീതിയിലുമെല്ലാം തന്റെ സമ്പന്നത പ്രകടമാക്കും. അത് യാഥാര്‍ത്ഥ്യമാണ്; അതവന്റെ അവകാശമാണ്. അത് കാണുന്നവന്‍ അംഗീകരിക്കും. ഉള്ളവനു നല്‍കേണ്ട ആദരവോ മറ്റ് അവകാശങ്ങളോ അനുവദിച്ചു നല്കുകയും ചെയ്യും.
ആപ്പോള്‍ ആദരവു നേടിത്തരുന്ന ഉള്ളായ്മകൾ അല്ലെങ്കില്‍ സമ്പന്നതകള്‍ ഏതെല്ലാമാകാം?
സാമ്പത്തീക സ്ഥിതിതന്നെയല്ലെ ആദ്യം. നാലുകാശുള്ളവനെ കണ്ടാലറിയാം. അവനെക്കൊണ്ട് ഉപകാരമുണ്ടാകും. അവന്‍ വിചാരിച്ചാൽ എനിക്കു പ്രശ്‌നവും ഉണ്ടാക്കാം. അവനെ തിരിച്ചറിഞ്ഞ് വേണ്ട ആദരവു നൽകാൻ ആരും നമ്മെ പഠിപ്പിക്കേണ്ട. സമ്പത്തിന്റെ ലെവല്‍ കൂടുന്നതനുസരിച്ച് ആദരവിന്റെ ആഴവും വര്‍ദ്ധിക്കും.
പിന്നെ സ്ഥാനമാനങ്ങള്‍ കയ്യിലുള്ളവന്‍. അവനെ എല്ലാവരും വലുതെന്നു കരുതുന്നതാണ്. അച്ചന്മാരെ ബഹുമാനിക്കണം എന്ന് എല്ലവരും പറഞ്ഞിട്ടുണ്ട്. ബിഷപ്പിന്റെ കാര്യം പറയാനുമില്ല. സന്യാസിനികളോ, കോണ്‍വെന്റിലെ സൂപ്പീരിയറോ ഒക്കെയാകുമ്പോള്‍ അവര്‍ക്കെല്ലാം നല്‍കേണ്ട ആദരവ് നമുക്കറിയാം. പിന്നെ എമ്മെല്ലേയാ മന്ത്രിയോ ഒക്കെയാണെങ്കില്‍ പറയാനുമില്ല.
പിന്നെ അധികാരം, അതുണ്ടെങ്കിൽ നമുക്കു ഭയമുണ്ട് ആദരവുണ്ട്. സൂക്ഷിച്ചു നിന്നില്ലെങ്കില്‍ അയ്യാള്‍ ച്രശ്‌നമുണ്ടാക്കും എന്നു മാത്രമല്ല. നാം പഠിച്ചിരിക്കുന്നത് അധികാര കസേരയുടെ മുന്നിൽ മുണ്ടഴിച്ചിട്ട് ആദരവോടെ നിൽക്കാനാണ്. അത് അഛനമ്മമാരായാലും, സാറന്മാരോ വികാരിയോ മാനേജരോ പോലീസോ ഒക്കെയായാലും അധികാരത്തിന്റെ മുന്‍പില്‍ ബഹുമാനം നൽകി നിൽക്കണം.
അങ്ങനെ പറയുമ്പോള്‍ കഴിവും നേട്ടവും സമൂഹത്തിൽ മാന്യതയും ഒക്കെയുളളവരെ തിരിച്ചറിഞ്ഞ് അവനും അവള്ക്കും നല്‍കേണ്ട ബഹുമാനം കൊടുക്കേണ്ടത് സാമൂഹ്യബോധം മാത്രമാണ്. പ്രത്യേകിച്ച് ഇക്കാലത്ത് കഴിവുകള്‍ എല്ലാം, പാടാനോ, ആടാനോ, ചിത്രരചനയ്ക്കോ, പ്രസംഗത്തിനോ, ധ്യാനിപ്പിക്കാനോ, അല്ല ഏതു മേഖലയിലുള്ള നൈപുണ്യമാണെങ്കിലും അതുള്ളവരെ ആദരിക്കാന്‍ വ്യക്തിപ്രരമായും നമ്മൾ ഒന്നിച്ചുകൂടുമ്പോഴും പ്രത്യേകം ശ്രദ്ധിക്കും. പിന്നെ കുടുംബ മഹിമയായാലും, വിദ്യാഭ്യാസമായാലും വലിയ ആളുകളുടെ മക്കളായാലും എല്ലാം എല്ലാം കൊടുക്കേണ്ട ബഹുമാനം നൽകാം നമുക്കറിയാം.
ഇന്ന് ഒരു സ്ഥലത്ത് കടന്നു ചെല്ലുമ്പോളാണ് ഈ ഉള്ളായ്മകളുടെ, അല്ലെങ്കിൽ കയ്യിൽ നാലു പൂത്തനുള്ളതിന്റെ, ഒരു ചെറിയ സ്ഥാനമുള്ളതിന്റെ ഗുണമറിയുക. പള്ളിയിലെ അച്ചന്റെ മുന്നില്‍ ഒരു പുഞ്ചിരിയുമായി കടന്നുചെല്ലുമ്പോള്‍ തിരിച്ചു ചിരിക്കാതെ പൂര്‍ണമായും അവഗണിക്കപ്പെടുക. ആരേയും പരിചയമില്ലാതെ ബില്ലടക്കനുള്ള നീണ്ട ക്യവിന്റെ പുറകില്‍ പെട്ടുപോകുക. ഒരു രോഗിയുമായി ആശുപ്രതിയിലേയ്ക്കു കടന്നുചെല്ലുക. അപ്പോഴൊക്കെയാണ് എന്നെ സമൂഹത്തില്‍ എന്തെങ്കിലും ഒക്കെയാക്കുന്ന ഈ സമ്പന്നതകളുടെ വിലയറിയുക. ആ മാന്യത നേടിയെടുക്കാന്‍ മനുഷ്യര്‍ എന്തും കൊടുക്കും, എത്രമാത്രം വേണമെങ്കിലും ബുദ്ധിമുട്ടും. ഒന്നാലോചിച്ചാൽ ജീവിതത്തിലെ പരിശ്രമമെല്ലാം ആ മുന്നിലെ മുഖത്തു പ്രകടമാകുന്ന ആദരവിനുവേണ്ടിയല്ലെ?
ഇനി, ഇതൊന്നുമില്ലാത്ത ഗതികെട്ടവന്‍, ഗതികെട്ടവൾ (ഈശ്വരാ ആ അവസ്ഥ വരാതിരിക്കട്ടെ!) അങ്ങനെ ഒരു സാഹചര്യം, അത് എളിയ അവസ്ഥതന്നെ. അയാൾക്ക് സമ്പന്നതകള്‍ ഒന്നുമില്ല, അധികാരങ്ങളോ, മാന്യതയോ, അവകാശങ്ങൾ പോലുമോ ഒന്നുമില്ല. അത് വലിയ ദാരിദ്രമാണ്, വിനീതാവസ്ഥയാണ്. അയാളുടെ മേൽ എന്തധികാരം കാണിച്ചാലും, എന്തുകയ്യേറ്റം നടത്തിയാലും തിരിച്ചു ചോദിക്കാന്‍ അയ്യാള്‍ ആര്? മിക്കവാറും ആ ദരിദ്രൻ അനേകരോടു കടപ്പെട്ടിരിക്കും, ഉള്ളവരായ മറ്റനേകരുടെ സഹായത്തിൽ മാത്രം ജീവിക്കുന്നവന്‍, അനേകര്‍ക്ക് ദാസ്യവൃത്തി ചെയ്യുന്നവന്‍. ഇതല്ലേ എളിയവന്റെ ചിത്രം? അവന്റെ അവളുടെ മനോഭാവമല്ലെ എളിമ? ഈ എളിയ അവസ്ഥ ആരാഗ്രഹിക്കാൻ!
എളിമ പ്രകൃത്യാ ഉള്ളതോ?
എന്റെ ഒരു സ്നേഹിതന്‍ ചിലപ്പോള്‍ പറയാറുണ്ട്, “എന്റെ എളിമ ഒന്നു കാണെടാ!" നെഞ്ചില്‍ അടിച്ച് വലിയ അഹങ്കാരത്തോടെ അവൻ അതു പറയുമ്പോള്‍ എല്ലാവരും പൊട്ടിച്ചിരിക്കും. അപ്പോള്‍ ഒരുകാര്യം തീര്‍ച്ച, നമുക്ക് ഏറെ അഹങ്കരിക്കാന്‍ പറ്റിയ നല്ലൊരു കാര്യമാണ് നമ്മുടെ എളിമ. മറ്റുള്ളവരുടെ കയ്യില്‍നിന്ന് സൽപേരും ആദരവും പിടിച്ചു പറ്റാന്‍ എത്ര എളിമപ്പെടാനും നമ്മള്‍ തയ്യാറാകും.
മുന്‍പു ചര്‍ച്ച ചെയ്തതു പോലെ നമ്മുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാന ആവശ്യം ആദരവു പിടിച്ചു പറ്റുക, മറ്റുള്ളവരുടെ മുന്നിൽ മാന്യരാകുക എന്നതല്ലേ? നമ്മുടെ എല്ലാ ശ്രമവും മറ്റാരേയുംകാൾ മുന്നിലാകുക, ഏതെങ്കിലും രീതിയിൽ സമര്‍ത്ഥരാകുക എന്നതാണല്ലോ.
കുട്ടികളോടു ഞാന്‍ ചോദിക്കാറുണ്ട്, “മാതാപിതാക്കൾക്ക് ക്ലാസെടുക്കുമ്പോള്‍ അവരോട് എന്തുപറയണം?" സാധാരണ അവര്‍ പറയുന്ന ഒരാവശ്യം “ഞങ്ങളെ താരതമ്യപ്പെടുത്തരുത് എന്നുപറയണം; അവരെ കണ്ടൊ, ഇവരെ കണ്ടൊ, എന്നു പറഞ്ഞ് ഞങ്ങളെ താഴ്ത്തികെട്ടരുത്. അതു ശരിയാണ് ആ താരതമ്യപ്പെടുത്തലും കണ്ടു പഠിക്കൂ എന്നു പറയുന്നതും ഏറേ അരോചകമാണ്.
എന്നാല്‍ ഒരു കാര്യം ശരിയല്ലേ, ജീവിതകാലം മുഴുവൻ നമ്മൾ എപ്പോഴും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി നോക്കുകയല്ലേ? എങ്ങനെ ഞാന്‍ മറ്റുള്ളവരെക്കാള്‍ നല്ലതാണ് മുന്നിലാണ് എന്നു കണ്ടെത്താനുള്ള ശ്രമമല്ലേ എല്ലാ പരിശ്രമങ്ങളും. ആദ്യമെല്ലാം ശാരീരികമായി, ആകാരത്തെക്കുറിച്ച്, പിന്ന് കഴിവുകൾ, സ്വഭാവഗുണങ്ങള്‍, നല്ല പെരുമാറ്റം, കയ്യിലുള്ള നന്മകള്‍. അതെല്ലാം എത്ര ശ്രദ്ധാപൂര്‍വ്വം നാം ഉയര്‍ത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ തെറ്റൊന്നുമില്ല. ഒരുവിധത്തില്‍ എന്റെ എല്ലാ പുരോഗതിയുടേയും അടിസ്ഥാനവും അബ്രഹാം മാസ്ലോവ് പറഞ്ഞു വെച്ചതു പോലെ നമ്മുടെ ആവശ്യങ്ങളുടേയും ആഗ്രഹങ്ങളുടേയും ഗോവണി കയറ്റമല്ലേ?
പിന്നെ എന്റെ നന്മയോ കഴിവുകളോ ആരെങ്കിലും അംഗീകരിച്ചില്ലെങ്കിലോ? അത് വലിയ അനീതി തന്നെ. ഞാന്‍ ഏറെ മുറിപ്പെടുകയെങ്കിലും ചെയ്യും. അവസരം കിട്ടിയാൽ വെട്ടിത്തുറന്ന് ചിലതെല്ലാം പറഞ്ഞിരിക്കും. എന്റെ ഈ നന്മകള്‍ അവഗണിച്ചാല്‍, അതില്ലാത്ത മറ്റുചിലരെ എനിക്കുപരി പ്രതിഷ്ഠിച്ചാല്‍, നമ്മിൽ ചിലർ സമാധാനം പാലിക്കുമായിരിക്കും, വേറേ ചിലര്‍ ഒരു കൊടുംകാറ്റിനു തന്നെ തുടക്കം കുറിച്ചേക്കും.
ഇല്ല, ചെറുതാകുക, താഴേയ്ക്കിറങ്ങുക, 'അവന്‍ വലുതാകണം ഞാന്‍ ചെറുതാകണം' എന്ന് ഹൃദയ പൂര്‍വ്വം പറയുക സ്വാഭാവീകമല്ല. പ്രകൃതിക്കരുസരണമായി നാം മുകളിലേയ്ക്ക് പിടച്ചുകേറുന്നവരല്ലേ? എളിമ കാണിക്കുന്നതുകൊണ്ട് ഉയര്‍ത്തപ്പെടുമെങ്കിൽ അതിനു നാം തയ്യാറാകും.
പിന്നെ നാട്ടുമര്യാദ, ഉപചാര്രകമം അതനുസരിച്ച് അല്ലെങ്കിൽ 'ഗുഡ് മാനേഴ്‌സിന്റെ' ക്ലാസില്‍ പറഞ്ഞ പ്രകാരം എളിമയുടെ ചില ചേഷ്ടകള്‍ നല്ലതാണ്. അത് സമൂഹത്തിലെ ലൂബ്രിക്കന്റ് ആണ്. ആ എളിയ ഭാവമില്ലെങ്കിൽ കൂടുതൽ ഏറ്റുമുട്ടലുകളുണ്ടാകാം. അതാണെളിമ, അതു മാത്രം എളിമ.
അപ്പോള്‍ ഓര്‍മവരും ടീനേജ് സ്കൂള്‍ കുട്ടികളുടെ ഗ്രീറ്റിങ്ങ്. അദ്ധ്യാപിക കടന്നുപോകുമ്പോള്‍ “ഗുഡ് മോണിങ്ങ്, ടീച്ചര്‍! എന്നു പറഞ്ഞ് ടീച്ചറുടെ പുറകിലെത്തുമ്പോള്‍ പുച്ചിച്ചു ചിരിക്കുന്ന ഇന്നത്തെ കൗമാരം. മലയാളി മാന്യമായി “നമസ്തേ? പറയാന്‍ പോലും മറന്നിരിക്കുന്നു; അതുകാണണമെങ്കില്‍ നമ്മിൽനിന്ന് അതു പഠിച്ച് ഇന്ന് വളരെ മനോഹരമായി കൈകൂപ്പി ആദരിക്കുന്ന പൂർവ്വേഷ്യൻ രാജ്യങ്ങളിലുള്ളവരെ കാണണം. ഇല്ല, ഉപചാരക്രമമായി പോലും എളിമകാണിക്കുന്നവര്‍ നമ്മുടെ ഇടയില്‍ കുറയുന്നു.
അപ്പോള്‍ ഒരു ചോദ്യം എളിമയെന്നാല്‍ ഒരുപചാരക്രമം മാത്രമാണോ? ഒന്നു ചിന്തിച്ചാൽ എങ്ങിനെ എളിമപ്പെടാതിരിക്കും
സ്വന്തമായ വിചിന്തനത്തിന്റെ അഭാവമാണല്ലോ ഇന്നിന്റെ മുഖമു(ദ. എല്ലാം മറ്റുള്ളവര്‍ പറഞ്ഞുതരും ഞാനതു ചെയ്താല്‍ മതി. ആദ്യമേ എല്ലാം പഠിപ്പിച്ചുതരാൻ വിദ്യാഭ്യാസ സംവിധാനമുണ്ട്, എന്തുചോദിച്ചാലും ഉത്തരം തരാൻ ഗൂഗിൾ സഹായങ്ങളുണ്ട്, പിന്നെ ചുറ്റുമുള്ളവര്‍ എല്ലാവരും പ്രശ്‌നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ തയ്യാറാണ്, പിന്നെ എന്തിനു ഞാന്‍ ചിന്തിച്ചെടുക്കണം? വിശ്വാസ മേഖലയും പൊതുവേ ഈ വഴിക്കുതന്നേയല്ലേ? ചിന്തകൾ വിളമ്പുന്നവര്‍ കൂടുന്നു. എങ്ങും പഠിപ്പിക്കുന്നവര്‍, കേള്‍ക്കാന്‍ ഓടിക്കൂടുന്നവരും ധാരാളം. അതിനിടയ്ക്ക് ഒന്നു മാറി അന്വേഷിക്കാന്‍ എവിടെ നേരം. വിചിന്തനത്തിന് എവിടെയാണ് ശാന്തത.
എന്നാല്‍ ഒന്നു മാറിയിരുന്ന് എന്നേക്കുറിച്ചും എന്റെ കൊച്ചു ജീവിതത്തേക്കുറിച്ചും വിചിന്തനം ചെയ്താൽ എവിടെയാണ് അഹങ്കാരത്തിനു വക. എന്നെ എളിയവനാക്കാന്‍ മനുഷ്യ ജീവിതത്തെക്കുറിച്ച് ഒന്നാലോചിച്ചാല്‍ മാത്രം പോരേ. ബൈബിളിൽ വി. യാക്കോബിന്റെ വാക്കുകള്‍ അഹന്തയടക്കി സുബോധത്തിലെയ്ക്കു വരുന്നതിനു സഹായകം തന്നെ. "നാളത്തെ നിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങൾക്കറിഞ്ഞു കൂടാ. അല്പനേരത്തേയ്ക്ക് പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷപ്പെടുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങൾ” (4:14). സങ്കീര്‍ത്തകന്റെ വിഖ്യാതമായ വാക്കുകളുടെ ചെറിയൊരു മാറ്റൊലി, “മനുഷ്യന്റെ ജീവിതം പുല്ലുപോലെയാണ്; വയലിലെ പൂപോലെ അതു വിരിയുന്നു; എന്നാല്‍, കാറ്റടിക്കുമ്പോള്‍ അതു കൊഴിഞ്ഞുപോകുന്നു; അതു നിന്നിരുന്ന ഇടംപോലും അതിനെ ഓര്‍ക്കുന്നില്ല.” (സങ്കീ. 103:1415) ജീവിതത്തില്‍ മുന്നോട്ടുപോകും തോറും അതിന്റെ ഹ്രസ്വസ്വഭാവം മനുഷ്യനെ എളിയവനാക്കും. “ഞങ്ങളുടെ ആയുഷ്‌ക്കാലം എഴുപതുവര്‍ഷമാണ്; എന്നിട്ടും അക്കാലമത്രയും അധ്വാനവും ദുരിതവുമാണ്; അവ പെട്ടെന്നു തീര്‍ന്നു ഞങ്ങള്‍ കടന്നുപോകും. . . ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങൾ എണ്ണാൻ ഞങ്ങളെ പഠിപ്പിക്കണമേ!'* (സങ്കീ 90: 10,12)
പലപ്പോഴും ജീവിതത്തിന്റെ തിരക്കിലും ലക്ഷ്യപ്രാപ്തിക്കായുള്ള പരക്കംപാച്ചിലിലും മറ്റൊന്നും നാം ഓര്‍ക്കാറില്ല. നേട്ടങ്ങളും വളര്‍ച്ചയും ഒരു സമയം വരെ നമ്മെ ആത്മവിശ്വാസമുള്ളവരാക്കും, ഒരു പരിധിവരെ നമുക്കെല്ലാം സാധിക്കും എന്നൊരഹങ്കാരവും ഉണ്ടാകും. സുഭാഷിതങ്ങള്‍ ഓര്‍മപ്പെടുത്തുന്ന വലിയൊരു സത്യമുണ്ട്, “മനുഷ്യന്‍ പലതും ആലോചിച്ചു വയ്ക്കുന്നു; നടപ്പില്‍ വരുന്നത് കര്‍ത്തവിന്റെ തീരുമാനമാണ്?' (19:21). നാം സാധാരണ കേള്‍ക്കുന്ന ഇംഗ്ലീഷ് ചൊല്ല് ഇതില്‍ നിന്നു തന്നെ, 'മാന്‍ പ്രൊപ്പോസസ്, ഗോഡ് ഡിസ്പോസസ്'. അങ്ങനെ ചിന്തിക്കുമ്പോള്‍ ആകസ്മികമായ വീഴ്ചകളും തകര്‍ച്ചകളുമല്ലേ ജീവിതത്തില്‍ നമ്മെ എളിമപ്പെടുത്തുന്നത്. അപകടങ്ങളും അപ്രതീക്ഷിതമായ രോഗങ്ങളും ആകസ്മികമായ ജീവിത വഴിത്തിരിവുകളുമെല്ലാം മനുഷ്യരെ യാഥാര്‍ത്ഥ്യബോധമുള്ളവരും എന്നില്‍ നിന്ന് മറ്റുള്ളവരിലേയ്ക്ക് ദൃഷ്ടി തിരിക്കുന്നവരുമാക്കും. ഇതെല്ലാം ഒരാളെ എളിമപ്പെടുത്തുകയും ചെയ്യും.
എന്നാല്‍ ഇപ്പറഞ്ഞതില്‍ ഒരു തിരുത്തു വേണമായിരിക്കും. ചിലരെങ്കിലും തര്‍ക്കവാദവും ഉയര്‍ത്തിയേക്കാം, ദുരന്തവും അപകടങ്ങളും ജീവിതത്തിൽ വരുമ്പോള്‍ എത്രപേരാണ് എളിയവരാകുന്നതിനു പകരം മുഷ്ടിചുരുട്ടുകയും ആക്രോശിക്കുകയും ചെയ്യുന്നത്. ജീവിതത്തകര്‍ച്ചകള്‍ മനുഷ്യനെ യാഥാര്‍ത്ഥ്യബോധമുണ്ടാക്കുന്നതിനേക്കാള്‍ അധോമുഖരാക്കുകയും അങ്ങനെ ജീവിതം തകരുകയുമല്ലേചെയ്യുക. ശരിയാണ് ജീവിതത്തിന്റെ നൈമിഷീകതയും അതിലെ സുഖദു:ഖ സമ്മിസ്രമായ യാഥാര്‍ത്ഥ്യങ്ങളും അതിൽ തന്നെ മനുഷ്യന് സുബോധവും എളിയ മനോഭാവവും ഉണ്ടാക്കണമെന്നില്ല. ഭയപ്പെടുത്തുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ മുന്‍പില്‍ പലരും ഒളിച്ചോടാറില്ലേ? എത്രയോ പേര്‍ ആ ഭീതിയിൽ നിന്നോ അല്ലെങ്കില്‍ ജീവിതത്തില്‍ നിറയുന്ന ഏകാന്തതയില്‍ നിന്നോ രക്ഷപെടാനായി ആസക്തികളിലേയ്ക്കും അടിമത്തങ്ങളിലേയ്ക്കും തിരിയുന്നു.
എന്നാല്‍ അനുദിന ജീവിതത്തില്‍ നാം കാണുന്ന ഒരു വലിയ കാര്യമുണ്ട് ജീവിതത്തിന്റെ ദൂര്‍ഗ്രഹതയുടേയും നിഗൂഡഃതയുടേയും മുന്‍പില്‍ ധാരാളം മനുഷ്യര്‍ നിശ്ശബ്ദമാകും, ശാന്തമായ വിചിന്തനത്തിലേയ്ക്ക് കടക്കും. അങ്ങനെയുള്ള വലിയ പണ്ഠിതന്മാരുണ്ട് ഒപ്പം എളിയ നിലയിലുള്ള അനേകരുമുണ്ട്. സമ്പന്നനും നീതിമാനുമായ ജോബ് വലിയ സഹനത്തിന്റെ മുന്നില്‍ എളിമയുടെ പാഠം അവര്‍ അഭ്യസിച്ചു:
“ജോബ് കര്‍ത്താവിനോടു പറഞ്ഞു: ഞാൻ നിസ്സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു. ഒരിക്കൽ ഞാൻ സംസാരിച്ചു; ഇനി ഞാന്‍ മിണ്ടുകയില്ല." (ജോബ് 40:3-5)
ശരിയാണ്, ജീവിത യാഥാര്‍ത്ഥ്യങ്ങളേക്കുറിച്ചുള്ള പക്വമായ ഒരു വിചിന്തനം നമ്മിൽ വലിയ മാറ്റമുണ്ടാക്കും. ഒന്നു ചിന്തിച്ചാൽ ഇങ്ങിനെ എളിമപ്പെടാതിരിക്കും! ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടിൽ ദുരന്തനാടകങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ എടുത്തു പറയുന്ന ഒരു സുപ്രധാന വഴിത്തിരിവുണ്ട്. നായകന്റെ ജീവിതത്തിലെ ഭാഗ്യവിപര്യങ്ങളാകുന്ന ദുരന്താനുഭവങ്ങള്‍ അയാളെ എത്തിക്കുന്ന വലിയൊരു തിരിച്ചറിവ്. നാടക ചര്‍ച്ചയില്‍ “അനഗ്നോറിസിസ്" എന്നുവിളിക്കുന്ന ഈ ഒരു പുത്തന്‍ വെളിച്ചം വലിയൊരു സ്വയം തിരിച്ചറിവും മറ്റുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നുള്ള വെളിപാടും ഒക്കെ നൽകി ജീവിത ഗതിയിൽ വലിയൊരു വഴിത്തിരിവായിത്തീരുന്നു.
ഒന്നാലോചിച്ചാൽ സഹനവും ഞെരുക്കങ്ങളും ജീവിതയാഥാര്‍ത്ഥ്യങ്ങളാണ്; ആ സഹനങ്ങള്‍ നേരാം വഴിയില്‍ സ്വീകരിക്കുക വലിയൊരു തിരിച്ചറിവിലേയ്ക്ക് നമ്മെ നയിക്കും. ആ തിരിച്ചറിവിന്റെ പ്രധാന ഘടകം എന്നെക്കുറിച്ചുള്ള കണ്ടെത്തല്‍ തന്നെ. അത് നമ്മെ ശരിയായ സ്വയം മൂല്യനിര്‍ണ്ണയത്തിലേയ്ക്കും തജ്ജന്യമായ എളിമയിലേയ്ക്കും നയിക്കും. പത്രോസ് ശ്ലീഹ ഭൃത്യന്മാരോട് എളിമയോടും വിധേയത്വത്തോടും കൂടെ വ്യാപരിക്കുന്നതിനു നല്കുന്ന ഉപദേശം ജീവിതത്തില്‍ എത്രയോ പ്രധാനപ്പെട്ടതാണ്! “അന്യായമായി പീഡിപ്പിക്കപ്പെടുമ്പോള്‍, ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ചാല്‍ അത് അനുഗ്രഹ കാരണമാകും”? (1 പത്രോ 2:19). അത് എളിമയുടെ അഭ്യാസനത്തിന്റെ നല്ല പാതയുമാകും.
എളിമയുടെ ദൈവീകത
കുനിയുക എന്നത് എളിമയുടെ അടയാളമാണ്, അഹങ്കാരി കുമ്പിടില്ല, അങ്ങനെ അവര്‍ക്ക് ദൈവീകത നഷ്ടമാകുകയും ചെയ്യും (ഫുള്‍ട്ടന്‍ ജെ ഷീൻ)
പുരാണങ്ങളിലെ സന്യാസിമാരായിരുന്ന വിശ്വാമിത്രനും വൈശിഷ്ടനും ഒരുപോലെ പ്രബലരായിരുന്നു. പക്ഷേ വൈശിഷ്ട്യനോട് എല്ലാവര്ക്കും കൂടുതൽ ഇഷ്ടമാണ് എന്ന തോന്നൽ വിശ്വാമിത്രനെ എന്നും വിഷമിപ്പിച്ചിരുന്നു. വിഷ്ണുവിന്റെ പക്കല്‍ ആവലാതിയുമായി അദ്ദേഹം എത്തി, "തപശ്ചര്യകളില്‍ ഞങ്ങൾ രണ്ടുപേരും തുല്യശക്തി നേടിയവരാണ്, എന്നിട്ടും എന്നേക്കാള്‍ കൂടുതലായി എല്ലാവരും എന്തുകൊണ്ട് വൈശിഷ്ടനെ ഇഷ്ടപ്പെടുന്നു?” കുറച്ചുനാള്‍കഴിഞ്ഞ് വിഷ്ണു രണ്ടുപേരേയും വിളിച്ച് ഒരു ദൗത്യമേല്‍പിച്ചു, തങ്ങളെക്കാൾ താഴ്ന്നവരായ നൂറുപേര്‍ക്ക് സദ്യ കൊടുക്കണം. വിശ്വാമിത്രന്‍ സമയം കളയാതെ ആദ്യദിവസം തന്നെ ആയിരം പാവങ്ങളെ വിളിച്ച് ഭക്ഷണം നല്‍കി വിഷ്ണുവിന്റെ പക്കല്‍ ആ വിവരവുമായെത്തി, “അങ്ങ് എന്നോടു കല്ലിച്ചത് ഞാൻ നിറവേറ്റിയിരിക്കുന്നു, വൈശിഷ്ടനെക്കാള്‍ മുന്നിലല്ലേ ഞാന്‍?” എന്നാല്‍ വിഷ്ണു പറഞ്ഞു, “നമുക്ക് വൈശിഷ്ടനായി കാത്തിരിക്കാം." മാസം ഒന്നുകടന്നുപോയി വൈശിഷ്ടനെക്കുറിച്ച് ഒരു വിവരവുമില്ല. വിശ്വാമിത്രന്‍ വീണ്ടും താനല്ലേ കൂടുതൽ മഹനീയന്‍ എന്ന ചോദ്യവുമായി വിഷ്ണുവിന്റെ പക്കലെത്തി. അന്ന് സന്ധ്യയായപ്പോള്‍ ഏറെ പരവശനായി വൈശിഷ്ടന്‍ വന്ന് വിഷ്ണുവിനെ താണുവണങ്ങി ബോധിപ്പിച്ചു, “പ്രഭോ എന്നോടു പൊറുക്കണം. അങ്ങു നല്‍കിയ ദൗത്യം നിറവേറ്റാന്‍ എനിക്കായില്ല. മൂന്നു ലോകങ്ങളില്‍ അന്വേഷിച്ചിട്ടും എന്നേക്കാന്‍ താഴ്ന്നവനായ ഒരുവനേപോലും എനിക്ക് കണ്ടുകിട്ടിയില്ല." എതുകേട്ട വിഷ്ണു വിശ്വാമിത്രന്റെ പക്കലേയ്ക്കു തിരിഞ്ഞു, "നിങ്ങളില്‍ ആരാണു കൂടുതല്‍ നല്ലവനെന്ന് നിനക്കിപ്പോള്‍ മനസിലായി കാണുമല്ലോ?”
നമ്മില്‍ ആര്‍ക്കുംതന്നെ എളിമ അപരിചിതമല്ല. എളിമ എല്ലാവരും എളുപ്പത്തില്‍ തിരിച്ചറിയും; അതിന്റെ അഭാവം ഏറെ പരുഷമായ പെരുമാറ്റമായിത്തീരും; അത് മനുഷ്യരെ വേഗത്തില്‍ മുറിപ്പെടുത്തുകയും ചെയ്യും. എങ്കിലും പലപ്പോഴും ഉയരുന്ന ചോദ്യമാണ്, എന്താണ് എളിമ?
എളിമ വെറും നാട്യമല്ല. മനോഭാവത്തിലലിഞ്ഞ് സംസാരത്തിലും പെരുമാറ്റത്തിലും വത്യാസം കാണിക്കാത്ത എളിമയുടെ ഭാവം വെറും പോളളയാണെന്ന് എളുപ്പത്തില്‍ മറ്റുള്ളവര്‍ തിരിച്ചറിയും. അങ്ങനെയെങ്കില്‍ നാട്യം ഒഴിവാക്കിയ താഴ്മയുടെ മനോഭാവമാണ് എളിമ. പെരുമാറ്റത്തില്‍ താണുവണങ്ങി എളിമകാണിച്ച് ഇടപെടലുകളില്‍ ഏറെ പിടിവാശിയും അഹന്തയും പ്രകടമാക്കി മറ്റുള്ളവരെ ഏറെ വെറുപ്പിക്കുന്ന എത്രയോപേരെ നാം കാണുന്നു. അവര്‍ എളിമ എന്ന വാക്കിനെ ഒരു തമാശയാക്കിമാറ്റുന്നു എന്നത് അതിന്റെ പരിണിത ഫലം.
എളിമയുള്ളവന്‍ മറ്റുള്ളവരെക്കള്‍ ഉത്കൃഷ്ടനാണ് താനെന്ന് സ്വയം കരുതുകയില്ല. ജീവിതവും ബന്ധങ്ങളും മത്സരവേദിയായി കാണുക പക്വതയുടെ സൂചനയല്ല. താരതമ്യം നടത്തി താന്‍ മറ്റുള്ളവരെക്കാള്‍ നല്ലവനാണെന്നു കണ്ടെത്താനുള്ള വ്യഗ്രത അപക്വമായ ബാല്യത്തിലേയ്ക്കുള്ള പിന്‍തിരിയൽ മാതമല്ലേ? ചില കഴിവുകളിൽ ഞാന്‍ മുന്നിലായിരിക്കും വേറേ ചില നൈപുണ്യങ്ങളിൽ മറ്റാരെങ്കിലും മുന്നിൽ. ഏതുകഴിവുകളാണ് സുപ്രധാന എന്നത് ആപേക്ഷികം മാത്രം. അങ്ങനെയെങ്കിൽ ആരാണു കഴിവുകളില്‍ ശ്രേഷ്ടം എന്നു കണ്ടെത്തിയിട്ട് എന്തുകാര്യം. സമൂഹത്തിലെ സ്ഥാനമാനങ്ങളും ഓരോ ഉത്തരവാദിത്വങ്ങളും അങ്ങനെ സേവന വേദികള്‍ മാത്രമല്ലേ!
“എളിമ നിങ്ങളെ കുറച്ചാക്കി ചിന്തിക്കുകയല്ല; നിങ്ങളെക്കുറിച്ച് കുറച്ചുമാത്രം ചിന്തിക്കുകയാണ്”.
ചുരുക്കത്തില്‍ എളിമ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയാണ്. അടുത്തകാലത്ത് പ്രചാരം നേടിയ വാക്കാണ് “ഭിന്നശേഷി”. വലിയ സത്യം നാമെല്ലാം ഭിന്നശേഷിക്കാര്‍ മാത്രം. ഉപരിശേഷിയുള്ളവന്‍ ഒരുവന്‍ മാത്രം. “നിങ്ങൾ റബ്ബീ എന്നു വിളിക്കപ്പെടരുത്. എന്തെന്നാൽ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളൂ. നിങ്ങളെല്ലാം സഹോദരരാണ്. . . നിങ്ങൾ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്. എന്തെന്നല്‍ ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്' (മത്താ 23:8,10).
ഈ എളിമയുടെ ചിന്ത ബന്ധങ്ങളെ നിര്‍മലമാക്കുന്നു. ഞാന്‍ ആരെന്നും മറ്റുള്ളവര്‍ ആരെന്നും ദൈവതിരുമുന്‍പില്‍ നാം തിരിച്ചറിയുന്നു. ഞാനും, എന്റെ കഴിവും, ഞാന്‍ ചെയ്ത സേവനവും പരമ പ്രധാനമല്ല. അതോടൊപ്പം മറ്റുള്ളവരിൽ ഞാൻ കാണുന്ന കഴിവുകേടും അവരുടെ പ്രവര്‍ത്തനങ്ങളിലെ കുറവും എന്നില്‍ വലിയ ആകുലത ഉയര്‍ത്തേണ്ടതില്ല. ഈ മനോഭാവമുള്ളവന്‍ സ്വയം പരിതപിക്കുകയോ താഴ്ത്തിക്കെട്ടുകയോ ഇല്ല; നേട്ടങ്ങളെക്കുറിച്ച് സ്വയം അഹങ്കരിക്കുകയോ വീമ്പിളക്കുകയോ ഇല്ല.
എളിമ, അയവുവരുത്താന്‍ യന്ത്രഭാഗങ്ങളിൽ ഉപയോഗിക്കുന്ന ലൂബ്രിക്കന്റ് പോലെയല്ലേ. അത് ബന്ധങ്ങൾ ഈഷ്മളമാക്കുക മാത്രമല്ല, അത് ബന്ധങ്ങള്‍ സാദ്ധ്യമാക്കും. ജീവിതത്തിലെ പല സാഹചര്യങ്ങളും പുതുതായി എത്തിയ കുറേ ഉദ്യോഗാര്‍ത്ഥികള്‍ ഇന്റര്‍വ്യവിനായി കാത്തിരിക്കുന്ന അടച്ചിട്ട ഒരു മുറിപോലെയാണ്. ടെന്‍ഷനും, മത്സരബോധവും, അപരനോടുള്ള നിര്‍വ്വചിക്കാനാവാത്ത ഒരു വിരോധവും ഒക്കെ തിക്കി നിറച്ച മനസുമായാണ് ഓരോരുത്തരും അവിടെ ഇരിക്കുന്നത്. അവിടെ ചില മനുഷ്യരെ കാണാം, ബന്ധങ്ങള്‍ക്കായി ഒന്നു കൈനീട്ടുന്നവര്‍, ഒരു ഹലോ പറഞ്ഞു പുഞ്ചിരി സമ്മാനിക്കുന്നവര്‍. അങ്ങനെ എളിമകാണിക്കുന്ന ഒന്നു രണ്ടു പേര്‍ ആ മുറിയിലുണ്ടെങ്കിൽ താമസിയാതെ അവിടെ പിരിമുറുക്കം അയയും, പലരും സംസാരിക്കാൻ തുടങ്ങും, ഇടയ്ക്ക് പൊട്ടിച്ചിരി ഉയരും, വര്‍ഷങ്ങള്‍ നീളുന്ന സഹൃദത്തിന്റേയും ജീവിതം മാറ്റുന്ന സേവന കഥകളുടേയും തുടക്കമാകും. ബന്ധങ്ങള്‍ സാദ്ധ്യമാകാന്‍ എളിമപ്പെടുന്ന ആരെങ്കിലും വേണം; ബന്ധങ്ങൾ നിലനില്‍ക്കണമെങ്കിൽ എളിമയില്‍ പൊട്ടിയ കണ്ണികൾ കൂട്ടിയിണക്കാന്‍ കൈനീട്ടുന്ന ആരെങ്കിലും വേണം.
എളിമ പരമ പ്രധാനമല്ലേ?
താണനിലത്തേ നീരോടൂ. എളിമയുണ്ടെങ്കില്‍ മാത്രമല്ലേ എല്ലാ നന്മയും ദൈവീക പ്രവര്‍ത്തനങ്ങളും സാദ്ധ്യമാകൂ. എല്ലാ അധികാരങ്ങളേയും ചോദ്യം ചെയ്യുന്നതും അതിനെതിരെ എന്റെ ചിന്തയും സ്വരവും കരവുമെല്ലാം ഉയരുന്നതും എളിമയുടെ അഭാവത്തിലല്ലേ! ആദിയില്‍ ദൂതന്മാര്‍ ലൂസിഫറിന്റെ നേതൃത്വത്തിൽ സ്രഷ്ടാവിനെതിരായി തിരിഞ്ഞതും ആ പുണ്യം മറന്നപ്പോഴാണല്ലോ. ഞാനും എന്റെ പ്ലാനുകളും ആവശ്യങ്ങളും വിട്ട് ദൈവീക പദ്ധതി തേടാന്‍ എളിമയുടെ മനോഭാവം വേണം. അങ്ങനെയെങ്കിൽ ദൈവീക വഴിയില്‍ നടക്കണമെങ്കില്‍ എളിമവേണം. സംശയം വേണ്ട, “ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്ക് കൃപ കൊടുക്കുകയും ചെയ്യുന്നു” (യാക്കോ 4:6)
എളിമയുടെ അടിത്തറയിലല്ലേ സ്‌നേഹ സൗധം പണിയാനാകൂ. എന്നെ മറന്ന് അയല്‍ക്കാരനെ നോക്കാന്‍ തയ്യാറകുമ്പോഴല്ലേ സ്നേഹത്തിന്‍ ആരംഭമാകൂ. "ഉള്ളതിലധികം മേന്മ ആരും ഭാവിക്കരുത്: മറിച്ച്, ദൈവം ഓരോരുത്തര്ക്കും നല്‍കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ചു വിവേകപൂര്‍വ്വം ചിന്തിക്കവിന്‍'' (റോമ 12:3). അങ്ങനെ എളിമയിൽ അപരനായി കണ്ണൂതുറക്കുന്നത് സ്നേഹത്തിന്റെ ആരംഭം, താഴ്മയില്‍ ബന്ധങ്ങളില്‍ വിശ്വസ്ഥത പുലര്‍ത്തുന്നത് സ്നേഹത്തിന്റെ പടുത്തുയര്‍ത്തല്‍, തകര്‍ച്ചയുടെ നേരത്ത് എളിമപ്പെടാനും ക്ഷമിക്കാനും തയ്യാറാകുന്നത് സ്നേഹത്തിലുള്ള വിശുദ്ധീകരണം.
സ്‌നേഹത്തിന്റെ തോഴിമാരെയെല്ലാം എളിമയുമായി ബന്ധപ്പെടുത്തിതന്നെയാണ് ദൈവവചനം കാണുന്നത്. നല്ലൊരു ക്രിസ്തുശിഷ്യന്റെ മുഖമുദ്രയും എളിമയോടൊത്തു പോകുന്ന ഈ സുന്ദര സ്വഭാവവിശേഷങ്ങളാണ്. ദൈവത്തിന്റെ പ്രിയഭാജനങ്ങളും അവിടുന്ന് തെരഞ്ഞെടുത്തവരും എന്ന നിലയിൽ നാം ധരിക്കേണ്ട വസ്ത്രം പോലെയാണ് മറ്റുപുണ്യങ്ങള്‍ക്കൊപ്പം എളിമയും, “നിങ്ങൾ കാരുണ്യം, ദയ, വിനയം, സമ്യത, ക്ഷമ എന്നിവ ധരിക്കുവിന്‍" (കൊളോ 3:12). “പൂര്‍ണമായ വിനയത്തോടും ശാന്തതയോടും, ദീര്‍ഘക്ഷമയോടും കൂടെ നിങ്ങൾ അന്യോന്യം സഹിഷ്ണുതയോടെ വര്‍ത്തിക്കുവിന്‍”' (എഫേ 4:2).
അങ്ങനെ കൂട്ടായ്മയുടെ അടിത്തറയാകുന്നു എളിമ. ആ ശക്തമായ നൂലിൽ കോര്‍ത്ത മുത്തുകളാണ് ക്രിസ്തുസ്വപ്നമായ സ്നേഹ കൂട്ടായ്മ. എളിമയുടെ അഭാവമായ താന്‍പോരിമയും അഹങ്കാരവും സ്പർദ്ധയുമെല്ലാമല്ലേ കൂട്ടായ്മയെ തകര്‍ക്കുന്നത്? ത്രിത്വൈക ബന്ധത്തിന്റെ ആഴം അറിയാനും അതനുകരിക്കാനും എളിമയല്ലേ സുപ്രധാന അടിത്തറ. കൂട്ടായ്മയുടെ പാഠമായി പൗലോസ് ശ്ലീഹാ നിര്‍ദ്ദേശിക്കുന്നതുപോലെ ഔദ്ധത്യം വെടിഞ്ഞ്, യോജിപ്പോടെ വര്‍ത്തിച്ച്, ബുദ്ധിമന്മാരാണെന്നു നടിക്കാതെ എളിയവരുടെ തലത്തിലേയ്ക്കിറങ്ങിയാണ് (റോം 12:16) ക്രിസ്തുവിനോട് അനുരൂപപ്പെട്ട് പുതുസമൂഹമായി നാം ജീവിക്കേണ്ടത്.
പരസ്പര വിനയത്തിന്റെ അങ്കി ധരിക്കാനാണ് പത്രോസ് ശ്ലീഹാ യുവാക്കളെ ഉപദേശിക്കുന്നത് (1പത്രോ 5:5). അവിടെ ചിത്രീകരിക്കപ്പെടുന്നത് സേവന സന്നദ്ധനായ അടിമ അണിയുന്ന ഉപരിവസ്ത്രം തന്നെ. എളിമയുടെ ഏറ്റം ശക്തമായ ഭാവം സേവന സന്നദ്ധത തന്നെ. സേവനം തന്നെ എളിമയിലേയ്ക്കുള്ള വിശാല പാത. ക്രിസ്തീയ ജീവിതത്തിന്റെ അവിഭാജ്യഘടകമായ സ്‌നേഹത്തിലൂന്നിയ സേവനം എളിമയുടെ അടിത്തറയില്ലാതെ അസാദ്ധ്യവുമാകുന്നു.
ലളിത സുന്ദര സ്നേഹത്തിന്റെ മദ്ധ്യസ്ഥയായ മദര്‍ തെരേസയുടെ വാക്കുകള്‍ ഈ പ്രാധാന്യത്തിന് അടിവരയിടുന്നു: ശുദ്ധത, ഉപവി, അനുസരണ തുടങ്ങി സകല പുണ്യങ്ങളുടേയും മാതാവാണ് എളിമ. എളിമപ്പെടുന്നതിലൂടെയാണ് നമ്മുടെ സ്നേഹം യഥാര്‍ത്ഥവും സമര്‍പ്പിതവും തീക്ഷ്ണതരവും ആകുന്നത്. നീ എളിയവനെങ്കില്‍ ഒന്നും നിന്നെ സ്പര്‍ശിക്കില്ല, പ്രശംസയും അവമതിയും മറ്റൊന്നും. കാരണം നീ എന്താണെന്ന് നിനക്ക് നന്നായി അറിയാം.
കാല്‍കഴുകുന്ന സ്നേഹം ക്രിസ്തീയതയുടെ അടിത്തറ
അത്താഴത്തിനിടയില്‍ അവന്‍ എഴുന്നേറ്റ്, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത് അരയില്‍ കെട്ടി. അനന്തരം, ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയില്‍ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുടയ്ക്കുനും തുടങ്ങി. (യോഹ 13:45)
വികാര തീവ്രമായ രംഗം. തന്റെ ദൗത്യത്തിന്റെ അവസാനമണിക്കൂറുകളായി എന്ന് ക്രിസ്തു അറിയുന്നു. പ്രിയ ശിഷ്യരും ആ നാടകീയ ദിനങ്ങളുടെ നീര്‍ചുഴിയിലായിക്കഴിഞ്ഞു. ഒരിക്കലും മറക്കാന്‍പാടില്ലാത്ത ഒരു പാഠം അവരുടെ മനസിലുറപ്പിക്കാന്‍ നാഥന്‍ തയ്യാറാകുന്നു. ഇന്നുപോലും അപ്രകാരമൊരു പ്രവര്‍ത്തി ഏതൊരുവനേയും ഞെട്ടിപ്പിക്കും, ഒരു മാന്യന്‍ തന്റെ കൂട്ടുകാരുടെ മുന്നില്‍ മുട്ടുകത്തിയാൽ അത് ഏറ്റം അപ്രതീക്ഷിതമായ രംഗമാകും. രണ്ടു സഹസ്രാബ്ദം മുന്‍പ് നീചാവസ്ഥയിലുളള അടിമകള്‍ മാത്രം ചെയ്യുന്ന ഒരു പ്രവൃത്തി ദൈവീക മനുഷ്യനെന്ന് അവര്‍ തിരിച്ചറിഞ്ഞ യേശുനാഥനില്‍ നിന്ന് ഉണ്ടാകുമ്പോള്‍ ശിഷ്യരുടെ മാനസിക ആഘാതം ഊഹിക്കാന്‍ തന്നെ പ്രയാസം. സ്തബ്ദരായി ഇരുന്നുപോയ അവരുടെ ഇടയില്‍ ഒന്നു നാവനക്കാനായത് പത്രോസിനു മാത്രമായിരുന്നു. പക്ഷേ നാഥൻ ദൃഢനിശ്ചയത്തോടെ സ്വയം താഴുന്നു, എളിമയുടെ ആഴമുള്ള മാതൃക പ്രകടമാക്കുന്നു, സ്നേഹ സേവനം എന്താണെന്ന് പ്രവര്‍ത്തിച്ചു കാണിക്കുന്നു.
പൗലോസ് ആ രംഗം കണ്ടിട്ടില്ല. കേട്ടുകാണും, തീര്‍ച്ച. എന്തായാലും സാധാരണക്കാരന്റെ മുന്നില്‍ മുട്ടുമടക്കി കാല്‍തുടക്കുന്ന താഴ്മയുടെ സന്ദേശവും അതിന് ക്രിസ്തീയ ജീവിതത്തിലുള്ള കേന്ദ്രസ്ഥാനവും ശ്ലിഹാ ഹൃദിസ്ഥമാക്കി. തന്റെ ശിഷ്യരോടുള്ള ശ്ലീഹായുടെ അഭ്യര്‍ത്ഥന ഏറെ താഴ്മയോടെയും ഒപ്പം നിര്‍ബ്ബന്ധപൂര്‍വ്വവുമാണ്. ക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി, തന്റെ സന്തോഷം പൂര്‍ണമാക്കാൻ 'മാത്സര്യമോ വ്യര്‍ത്ഥാഭിമാനമോ മൂലം . .. ഒന്നും ചെയ്യരുത്' മറിച്ച് യേശുവിനുണ്ടായ മനോഭാവമാണ് ക്രിസ്തീയ സ്നേഹകൂട്ടായ്മയില്‍ ഉണ്ടാകേണ്ടത്. തുടർന്ന് എളിമയുടെ വലിയ ചിത്രം അപ്പസ്തോലന്‍ വരച്ചുകാണിക്കുന്നു. ദൈവമായ ക്രിസ്തു അടിമയായി കുരിശുമരണം പോലും വരിച്ച് അനുസരണ പ്രകടമാക്കി, എളിമയുടെ ഏറ്റം വലിയ മാതൃകയായി (ഫിലി 2:1-8). പൗലോസിന്റെ ചിന്തയില്‍ ഒരു ക്രിസ്ത്യാനി ചെയ്യേണ്ടത് മറ്റൊന്നുമല്ല, ഈ ക്രിസ്താനുകരണം മാത്രം.
ക്രിസ്തുവിന്റെ ജീവിതവും ദൗത്യവും എന്തായിരുന്നുവോ അതിന്റെ ഏറ്റം ലഘുവായ ഫ്രസ്വരൂപ ചിത്രമായിത്തീര്ന്നു അവന്റെ കാല്‍കഴുകല്‍. ശിഷ്യന്മാര്‍ക്കും തന്നെ കാണുന്ന ലോകത്തിനു മുഴുവനും ഏതൊരു ശക്തമായ പ്രസംഗത്തേക്കാളും വചാലമായി ആ വലിയ സ്വയം എളിമപ്പെടുത്തലിന്റെ ചിത്രം. അവിടന്ന് തന്റെ കല്പന അസന്ദിഗ്ദ്ധമായി പറഞ്ഞുവയ്ക്കുകയും ചെയ്തു. “ഞാന്‍ നിങ്ങള്ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നൽകിയിരിക്കുന്നു” (യോഹ 13:16). ഗുരുവായ യേശു അവരുടെ കാലുകള്‍ കഴുകിയെങ്കില്‍ നമ്മളും പരസ്പരം കാലുകള്‍ കഴുകണം.
ഈ ലോകത്തിന്റെ ജീവിതഗതിയില്‍ സമൂഹ ജീവിതത്തില്‍, പൊതുവേദികളിൽ, കുടുംബങ്ങളില്‍, സുഹൃദ് ബന്ധങ്ങളില്‍ കറതീര്‍ന്ന എളിമയുടെ സാന്നിദ്ധ്യത്തിന്റെ പ്രാധാന്യം നാഥന്‍ അറിഞ്ഞു. താന്‍ ജീവിച്ച, മറ്റുള്ളവരെ പഠിപ്പിച്ച, ജീവിത മാതൃക കാണിച്ച എളിമ തന്റെ ശിഷ്യരും ലോക സമക്ഷം പറയുകയും പ്രകടിപ്പിക്കുകയും ചെയ്യണമെന്ന് യേശുനാഥൻ ഏറെ ആഗ്രഹിച്ചു. “നമ്മിൽ ആരാണു വലിയവന്‍?' എന്ന് മാത്സര്യ ബുദ്ധിയോടെ ചോദിച്ച ശിഷ്യര്‍ കൂട്ടായ്മയ്മ കെട്ടിപ്പടുക്കാനും സ്നേഹത്തിന്റെ സുവിശേഷം ലോകാതിര്‍ത്തിവരെ എത്തിക്കാനും അനുയോജ്യരായ പണിയായുധങ്ങളും നിര്‍മാണ വസ്തുക്കളും അല്ലെന്ന് ക്രിസ്തു അറിഞ്ഞു. നാളെ അവരുടെ പ്രവര്‍ത്തന പാതകളിൽ ഒരു ശക്തമായ ഓര്‍മയായി കാല്‍ക്ഴുകുന്ന തന്റെ ചിത്രം അവരുടെ കണ്‍ മുന്‍പില്‍ എന്നും ഉണ്ടാകണം എന്ന് അവിടന്ന് ആഗ്രഹിച്ചു.
എളിമയില്‍ എന്നും എന്റെ ഹൃദയം തുടിച്ചെങ്കില്‍!
താഴ്മയില്‍ മുട്ടുമടക്കുന്ന യേശുവിന്റെ ചിത്രം ഒരു നൊമ്പരമായി എന്നെ വെല്ലുവിളിച്ചെങ്കില്‍! ഓരോ ദിനവും എളിമയില്‍ ഒരു ചെറുപടി മുന്നോട്ടു വയ്ക്കാന്‍ അതെന്നെ പ്രേരിപ്പിച്ചെങ്കിൽ!
മത്സരിക്കാനും മുന്നിലെത്താനും മറ്റുള്ളവരുടെ മുന്നിൽ പടികൾ കയറാനും ത്രതപ്പെടുമ്പോള്‍ എളിമ നല്‍കുന്ന ആന്തരീക നിശബ്ദതയ്ക്ക് ചെവിയോര്‍ക്കാന്‍ അങ്ങെന്നെ ഉണര്‍ത്തണമേ!
നേട്ടങ്ങള്‍ കൊയ്യാന്‍, പലതും കെട്ടിപ്പടുക്കാന്‍ തിരക്കിട്ടു പോകുമ്പോള്‍ എളിമയോടെ അയല്‍ക്കാരന്റെ മുഖത്ത് കര്‍ത്താവിന്റെ വലിയ അത്ഭുതം കണ്ട് ഒരു പുഞ്ചിരി പൊഴിക്കാനുള്ള താഴ്മയുടെ ആത്മാവ് അങ്ങെനിക്കു നൽകേണമേ!
അനീതിയും അവഗണനയും ഹ്രുദയത്തെ മുറിപ്പെടുത്തുമ്പോള്‍ അപരന്റെ അഹന്ത എന്റെ ഉള്ളം വരിഞ്ഞു മുറുക്കുമ്പോള്‍ അവിടത്തെ കുരിശിനെ ഓര്‍ക്കാന്‍ എളിമയോടെ 'ഞാന്‍ ക്ഷമിക്കുന്നു, അങ്ങെന്നെ തുണയ്ക്കണമേ' എന്നു പറയാന്‍ എന്റെ ഉള്ളം ശക്തിപ്പെടുത്തേണമേ!
ബന്ധങ്ങള്‍ നിത്യാനുഷ്ഠാനമാകുമ്പോള്‍, കൂട്ടായ്മകള്‍ നിത്യകര്‍മ്മങ്ങളിൽ ഒതുങ്ങുമ്പോള്‍ അങ്ങേ ആത്മാവിന്റെ സൃഷ്ടിചൈതന്യം ഉള്ളിനുണരാൻ, സേവനത്തിന്റെ പുത്തൻ കാല്‍കഴുകല്‍ കര്‍മ്മം പുത്തനുണർവുപകരാൻ എളിമയുടെ പുത്തന്‍ ഉദ്ദീപനം എന്നിലുണ്ടാക്കേണമേ!
യഥാര്‍ത്ഥ എളിമ ആനന്ദത്തിന്റെ ഉറവയാണെന്ന് ഞാനറിയുന്നു. ഞാന്‍ ദരിദ്രനെന്നറിഞ്ഞ് അങ്ങയില്‍ മാത്രം സമ്പന്നനാകുന്നതിന്റെ നിറവ് അങ്ങെനിക്ക് നല്‍കേണമേ!
Comments
Post a Comment