ഒരു വിത്തിന്റെ മുന്‍പില്‍ തെളിയുന്ന രണ്ടു വഴികള്‍ (MEDB004)
ഒരു വിത്തിന്റെ മുന്‍പില്‍ തെളിയുന്ന രണ്ടു വഴികള്‍
യേശുനാഥന്‍ അരുള്‍ചെയ്തു, “ഒരു ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കിൽ . . ."
(By Dr. Edward Edezhath in 2014)
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റം പ്രശസ്ഥമായ ഇംഗ്ലീഷ് കവിതയായിരുന്നു റ്റി എസ് എലിയട്ട് രചിച്ച “വെയ്സ്റ്റ് ലാന്റ്. ഏറെക്കുറേ നീളമുള്ളതും വായിച്ചു മനസിലാക്കാന്‍ ഏറെ വെല്ലുവിളികള്‍ ഉണര്‍ത്തുന്നതുമായ ഈ കവിത ആധുനീക നഗര സംസ്കാരത്തിന്റെ അധപ്പതനമാണ് പ്രതിപാദിക്കുന്നത്. ജീവിതത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്ന ഒരു തലമുറ. ധാരാളം സൗഹൃദങ്ങള്‍, അറിവുനേടാനും യാത്രചെയ്യാനും പ്രയാസങ്ങളില്ല. എന്നാല്‍ വ്യക്തിജീവിതത്തില്‍ ശൂന്യതമാത്രം അവശേഷിക്കുന്നു. ജീവിതത്തിന്റെ പുറംപൂച്ചിനപ്പുറം കാതലായതൊന്നും ഇല്ലാതെയുള്ള മുന്നോട്ടുള്ള പ്രയാണം. സ്ത്രീപുരുഷബന്ധങ്ങള്‍ ശാരീരിക ആകര്‍ഷണത്തിലും ചേഷ്ടകളിലുമൊതുങ്ങുന്നു. ഏവരും ആഗ്രഹിക്കുന്ന ഹൃദയം നിറയുന്ന സ്നേഹം എവിടയോ അപ്രത്യക്ഷമായിരിക്കുന്നു. ഇപ്രകാരമുള്ള അനേക നഗരജീവിത ചിത്രങ്ങൾ വരച്ച് കവി അതിന്റെ അന്തരാര്‍ത്ഥം തേടുന്നു. “ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന ഈ ആധുനിക ജീവിതാവസ്ഥയുടെ അടിസ്ഥാനമായി കവി കണ്ടെത്തുന്നതെന്താണ്? ഇന്നത്തെ മനുഷ്യരുടെ മരിക്കാനുള്ള ഭയം. ബന്ധങ്ങളില്‍ റിസ്‌ക് എടുക്കാന്‍ പേടി, ഉള്ളതു തുറന്നു പറയാനുള്ള സങ്കോചം. കവി ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കും 'ഒരു ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ . .
സുവിശേഷങ്ങളില്‍ മനുഷ്യ ജീവിത രഹസ്യങ്ങളെ വിത്തിനോടു താരതമൃപ്പെടുത്തി യേശുനാഥന്‍ പലപ്രാവശ്യം സംസാരിക്കുന്നതു നാം കാണുന്നു. യോഹന്നാന്റെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം ഇരുപത്തിനാലാം വാക്യത്തിൽ ഒരു ഗോതമ്പുമണിയുടെ മുന്നിലുള്ള രണ്ടു സാദ്ധ്യതകളെക്കുറിച്ച് അവിടുന്നു സംസാരിക്കുന്നു. ഒരു ഗോതമ്പുമണിയാണ് ഇവിടത്തെ കാഥാപാത്രം. എന്താണ് ഈ രണ്ടുസാദ്ധ്യതകള്‍? ഒന്നുകില്‍ താഴെവീണ് ചീഞ്ഞഴിയാം അതല്ലെങ്കില്‍ ഒരുപരുക്കുമേല്‍ക്കാതെ സുന്ദരമായി തുടരാം. (ഈജിപ്തിലെ പിരമിഡ് തുറന്നപ്പോള്‍ കിട്ടിയ മൂവായിരം വര്‍ഷം പഴക്കമുള്ള ഗോതമ്പുമണി ഇപ്പോഴും അനക്കമില്ലാതെ മനോഹരമായി തുടരുന്നത് പ്രത്രത്തില്‍ വായിച്ചു) ഇന്നത്തെ തലമുറ ഉടന്‍ ഒരു കുസൃതി ചോദ്യം ചോദിക്കും, ഗോതമ്പുമണി അങ്ങനെ ഒരു തീരുമാനമെടുത്തു പ്രവര്‍ത്തിക്കുമോ? അതുവിചാരിച്ചാൽ താഴെവീഴാനോ വീഴാതിരിക്കാനോ പറ്റുമോ? ഇല്ല, തീര്‍ച്ചായായും സാധിക്കില്ല. എന്നാല്‍ കൈ നനയണമോ വേണ്ടയോ എന്നു ചിന്തിക്കാനും എന്റെ സല്‍പേരോ സകര്യങ്ങളോ ഒക്കെ ഉപേക്ഷിക്കാനും അതു വേണ്ടെന്നു വയ്ക്കാനും ഒക്കെ കഴിവുള്ളവരായി നാമോരോരുത്തരുമുണ്ട്. യേശു അങ്ങനെയുള്ള നമ്മളെ ഈ ഗോതമ്പുമണിയോടു താരതമൃപ്പെടുത്തി വെല്ലുവിളിക്കുന്നു.പഴയ നിയമത്തിലെ ഒരു ചിത്രം. ദരിദ്രന്‍ തന്റെ പ്രിയ മകളെപ്പോലെ വളര്‍ത്തിയ ആട്ടിന്‍ കൂട്ടിയെ ക്രൂരമായി തട്ടിയെടുത്തു കശാപ്പുചെയ്ത ധനവാന്റെ ക്രൂരതയെക്കുറിച്ചുകേട്ടു പൊട്ടിത്തെറിക്കുന്ന ദാവീദ് രാജാവിനെ നോക്കി നാഥാന്‍ പ്രവാചകൻ ആക്രോശിച്ചു, “ആ മനുഷ്യന്‍ നീ തന്നെ. ദാവീദിന് നാഥാന്‍ പ്രവാചകനെതിരായി തിരിയാമായിരുന്നു, തന്റെ അവസ്ഥ ന്യായീകരിക്കാമായിരുന്നു. എന്നാല്‍ അതിനു പകരം അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു. സത്യത്തെ അഭിമുഖീകരിക്കാനും തന്റെ നടപടികള്‍ തിരുത്താനും നന്മയുടെ ജീവിതത്തിലേയ്ക്കു തിരിയാനും രാജാവ് തയ്യാറകുന്നു. ഇപ്രകാരം ഒരു തിരിച്ചറിവിന്റെ സമയമാണ് നോയമ്പുകാലം. ഗ്രീക്കുകാരുടെ ദുരന്തനാടകങ്ങളില്‍ കാണുന്ന ഒരു തിരിച്ചറിവിന്റെ സമയത്തെക്കുറിച്ചു പറയാറുണ്ട്. “അനഗ്നോറിസിസ്' എന്ന പ്രത്യേക പദമാണ് ജീവിതത്തിലെ വഴിത്തിരിവാകുന്ന ഈ ഉള്‍ക്കാഴ്ച്ചയ്ക്ക് അവര്‍ ഉപയോഗിച്ച പേര്. വലിയ മനുഷ്യരുടെ ജീവിതത്തില്‍ വമ്പന്‍ ട്രാജടികള്‍ സംഭവിക്കുന്നത് ജീവിതത്തിൽ ഈ തിരിച്ചറിവ് ഏറെ താമസിച്ചുപോകുന്നു എന്നതുകൊണ്ടാണ്. വേണ്ട സമയത്തുതന്നെ എനിക്കുകിട്ടുന്ന ശരിയായ തിരിച്ചറിവും ധൈര്യപൂര്‍വ്വം എന്റെ ജീവിതം ശരിയായ ദിശയിലേയ്ക്കു മാറ്റുന്ന എന്റെ കാൽ വയ്ക്കുമാണ് ശരിയായ പശ്ചാത്താപം. ഇതാണ് നന്മയിലേയ്ക്കുനയിക്കുന്ന ശരിയായ വഴി.
നോയമ്പുകാലത്ത് ചോരയൊലിക്കുന്ന രൂപം പേറുന്ന കുരിശ് നമ്മുടെ മുന്നിൽ ഉയരുമ്പോള്‍, ധ്യാനനിമഗ്നരായി കുരിശിന്റെ വഴിയിലൂടെ നാം നടക്കുമ്പോള്‍ താഴെവീണ് അവിടെ അഴിഞ്ഞ് സ്വയം ശൂന്യനായ ഒരു ഗോതമ്പുമണിയെ നമ്മള്‍ ദര്‍ശിക്കുന്നു. ഏറെ മുന്‍പ് ഈ വഴിയില്‍ നിന്നു തന്നെ മാറ്റാന്‍ ഉദ്യമിച്ച പത്രോസിനെ നിശിതമായി ശകാരിച്ചത് നാം ഓര്‍ക്കുന്നു. അഴിയാത്ത വഴി ഉണ്ട് പക്ഷേ അതിന്റെ ഫലശൂന്യത ക്രൂശിതന്‍ തിരിച്ചറിഞ്ഞു തന്റെ വീഴ്ച്ചയുടെ വഴി അവിടുന്നു ബോധപൂര്‍വ്വം തിരഞ്ഞെടുത്തു.
നമുടെ ജീവിതത്തിലും ബോധപൂര്‍വ്വമായ ഈ തിരഞ്ഞെടുപ്പും ബോധ്യത്തോടെയുള്ള വഴിനടപ്പുമാണ് വിശുദ്ധിയുടേയും പൂര്‍ണ്ണതയുടേയും മാര്‍ഗ്ഗം. കുരിശിനോടുള്ള ഭക്തിക്കുപരി കുരിശിന്റെ മാര്‍ഗ്ഗം തിരഞ്ഞെടുക്കലാണ് ശരിയായ കുരിശിന്റെ വഴി. എന്റെ മുന്നിലെ വേര്‍തിരിയുന്ന രണ്ടുവഴികള്‍ ആരെനിക്കുകാണിച്ചുതരും? എന്റെ പ്രത്യേക ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ മുന്നിലാണ് ഈ പാതകള്‍ തെളിയുക. ധൈര്യപൂര്‍വ്വം ദൈവത്തിലാശ്രയിച്ച് തീരുമാനമെടുക്കേണ്ടതും കാല്‍ വയ്ക്കുകള്‍ നടത്തേണ്ടതും ഞാന്‍ തന്നെ. വ്യക്തിബന്ധങ്ങളുടെ മേഖലയിലാണ് ഈ അഴിയല്‍ പ്രധാനമായും സംഭവിക്കുക. അവനോ അവളോ വലുതാകണം ഞാന്‍ ചെറുതാകണം. അങ്ങനെ ക്ഷമിക്കലിന്റേയും പൊറുക്കലിന്റേയും വഴിയായിത്തീരുന്നു ഗോതമ്പുമണി താഴെവീഴുന്ന ഈ പ്രകീീയ.
കര്‍ത്താവിന്റെ കല്‍പനകളില്‍ പലപ്പോഴും ഒരു വാഗ്ദാനമോ മുന്നറിയിപ്പോ അടങ്ങുന്നു. സ്വന്തജീവനും താല്‍പര്യങ്ങളും മുറുകെപ്പിടിച്ച് വീഴാനും അഴിയാനും മടിക്കുന്നവന്‍ അതേപടിയിരിക്കും. ഫലശൂന്യമായ ജീവിതവും വിരസമായ മനസ്സും തണുത്തുറഞ്ഞ ഫഹ്രുദയവുമായിരിക്കും അവന്റെ കൈമുതല്‍. മുന്‍പു സൂചിപ്പിച്ച മനംമടുപ്പിക്കുന്ന ആധുനിക “വെയ്സ്റ്റ് ലാന്റ' അതു തന്നെ. മറിച്ച് തന്റെ ജീവനും താല്‍പര്യങ്ങളും തൃണവല്‍ഗണിച്ച് ദൈവേഷ്യമറിഞ്ഞ് മറ്റുള്ളവര്‍ക്ക് സ്വയം സമര്‍പ്പിക്കുന്നവന്‍ യേശുവിന്റെ വാക്കുകളില്‍ “വളരെ ഫലം പുറപ്പെടുവിക്കും”. മാത്രമല്ല അവന്‍ ജീവന്‍ എന്നെന്നേയ്ക്കുമായി കാത്തുസൂക്ഷിക്കും.
ഗോതമ്പുമണിയുടെ ഉപമ നല്‍കുന്നത് ഉയിര്‍പ്പിന്റെ സന്ദേശം തന്നെ. സഹനവും മരണവും നിഷ്ഫലമല്ല, മറിച്ച് വലിയ ആഹ്ലാദതിമര്‍പ്പും മുഴുജീവനുമാണ് അതില്‍ നിന്നു പുറത്തുവരുക. കണ്ണീരോടെ വിതയ്ക്കുന്നവന്‍ ജയഘോഷത്തോടെ കൊയ്യും. ഒരു ദുഖവെള്ളിയാഴ്ചയാണ് നമ്മെ ഉയിര്‍പ്പു ഞായറിലേയ്ക്കു നയിക്കുന്നത്. ഞാന്‍ ക്ഷമിക്കുമ്പോഴും മറ്റുള്ളവര്‍ക്കായി സ്വയം താഴ്ന്നുകൊടുക്കുമ്പോഴും ലോകത്തിന്റെ സ്വരം കേൾക്കാതെ കുരിശിന്റെ വഴിതേടു കയാണു ചെയ്യുക. അങ്ങനെയാണ് ഗോതമ്പുമണിനൽകുന്ന പാഠം ഞാൻ ശരിയായി ജീവിതത്തില്‍ അമ്വര്‍ത്ഥമാക്കുക. ഇതു തന്നെയാണ് എന്നെ ഉയിര്‍പ്പിലേയ്ക്കും നിത്യജീവിതത്തിലേയ്ക്കും നയിക്കുക.
Comments
Post a Comment